കുഴുപ്പിള്ളിക്കാവ് - ക്ഷേത്രചരിത്രം
ആയിരത്തഞ്ഞൂറിലേറെ വര്‍ഷത്തെ പഴക്കമുള്ള അതിപുരാതനമായ ക്ഷേത്രമാണ് രാമമംഗലത്തെ കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം. ഭദ്രാദേവിയുടെയും ഭുവനേശ്വരി ദേവിയുടേയും ചാന്താടും കോലങ്ങൾ മൂലബിംബങ്ങളായി വടക്ക് ദിക്കിലേക്ക് ദര്‍ശനമായി ഒരേ ശ്രീകോവിലില്‍തന്നെ പ്രതിഷ്ഠിച്ചിട്ടുള്ള കേരളത്തിലെ അത്യപൂര്‍വ്വ ക്ഷേത്രമാണിത്.
പുരാതനകാലത്ത് രാമമംഗലത്തെ കൊട്ടാരത്തില്ലത്ത് വസിച്ചിരുന്ന ഒരു നമ്പൂതിരി കൊടുങ്ങലൂരമ്മയുടെ വലിയഭക്തനും ഉപാസകനുമായിരുന്നു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിൽ മുടങ്ങാതെ ദർശനത്തിനെത്തുന്ന ഇദ്ദേഹത്തിന് പ്രായാധിക്യത്താൽ ദേവീ-സന്നിധിയിലെത്താന്‍പറ്റാത്ത അവസ്ഥയിൽ ഒരിക്കൽ ദേവിയെ ഭജിച്ച് ദു:ഖഭാരത്താൽ മടങ്ങുമ്പോൾ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യവും അദ്ദേഹത്തോടൊപ്പം ഇല്ലത്തേക്ക് വന്നുവെന്നും, ആ ചൈതന്യത്തെ ഇല്ലത്തുള്ള ഭുവനേശ്വരി ദേവിയുടെ ശ്രീലകത്ത് പ്രധാന ദേവതയായി പ്രതിഷ്ഠിച്ചുവെന്നുമാണ് ഐതീഹ്യം. പിന്നീട് കൊള്ളിക്കാട്ടുമലയുടെ പടിഞ്ഞാറെ ചെരുവില്‍ ഇന്നുകാണുന്ന സ്ഥലത്ത് ആചാര്യവിധിപ്രകാരം കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം സ്ഥാപിച്ചു.
നൂറ്റാണ്ടുകള്‍ക്ക്മുമ്പുതന്നെ വലിയമ്പലവും തിടപ്പള്ളിയുമെല്ലാമുണ്ടായിരുന്ന ക്ഷേത്രത്തില്‍ ഇടവമാസത്തിലെ പാട്ടുകാലത്തൊരിക്കൽ രാത്രിയിൽ അഗ്നിബാധഉണ്ടാവുകയും, ശ്രീകോവില്‍ ഒഴികെ ബാക്കി ഭാഗങ്ങൾ അഗ്നിക്കിരയാവുകയും ചെയ്തു. തുടര്‍ന്ന് മറ്റ്പലക്ഷേത്രങ്ങള്‍ക്കും സംഭവിച്ചതുപോലെ ജീര്‍ണ്ണാവസ്ഥയിൽ ആയിത്തീരുകയും ചെയ്തു.
കൊല്ലവര്‍ഷം 1068 മിഥുനമാസത്തിൽ (1893 - ജൂലൈ) തിരുവിതാംകൂർ മഹാരാജാവിന്റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ ഐക്കരനാട് ഭണ്ഡാരവിചാരിപ്പ് (ട്രഷറി ആഫീസർ) ഇടപ്പിള്ളി ബ്രാഹ്മണി വീട്ടില്‍ കൃഷ്ണപ്പിള്ളയാണ് ഇന്നുകാണുന്ന ശ്രീകോവിൽ പണികഴിപ്പിച്ചത്. ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ള ശിലാലിഖിതം ശ്രീകോവിലിൽ കാണാം. ഓലമേഞ്ഞിരുന്ന ഈ ശ്രീകോവിൽ പിന്നീട് ഓടുമേഞ്ഞത് 1950 ലാണ്.
1971 ല്‍ ദേശത്തെ ഭക്തജനങ്ങൾ ഒത്തുചേര്‍ന്ന് ഊരാണ്മ അവകാശിയായ കൊട്ടാരത്തില്ലത്തുനിന്നുള്ള ആശീര്‍വാദത്തോടെ ഒരു ജീർണോദ്ധാരണസമിതി രൂപീകരിക്കുകയും യശ:ശരീരനായ ദൈവജ്ഞൻ ശ്രീ.ഓണക്കൂര്‍ശങ്കരഗണകന്‍റെ നേതൃത്വത്തിൽ ദേവപ്രശ്നം നടത്തുകയും ചെയ്തു. ഇതേതുടർന്ന് വലിയമ്പലം, തിടപ്പള്ളി, മണ്ഡപങ്ങൾ എന്നിവയുടെ നിര്‍മാണവും, ഉപദേവതാ പുനർപ്രതിഷ്ഠകളും, പ്രധാന ദേവതകള്‍ക്ക് പുന:പ്രതിഷ്ഠയും, നവീകരണ കലശവും നടത്തി.
തിരുവിതാംകൂർ - കൊച്ചി സാഹിത്യശാസ്ത്രീയ ധാര്‍മിക സംഘങ്ങൾ രജിസ്ട്രാക്കൽ നിയമപ്രകാരം, 1996 ല്‍ ഭക്തജനങ്ങള്‍ ചേര്‍ന്ന്‍ രൂപീകരിച്ച് രജിസ്റ്റർ ചെയ്ത ‘രാമമംഗലം കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രസമിതി’ യാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.
2000 ത്തില്‍, സര്‍വ്വശ്രീ ചോറോട് നാരായണപണിക്കര്‍, കോഴിക്കോട് കരുണപണിക്കര്‍, ചോറ്റാനിക്കര രാമന്‍ മാസ്റ്റർ എന്നീ ദൈവജ്ഞരുടെ സാന്നിദ്ധ്യത്തിൽ അഷ്ടമംഗലദേവപ്രശ്നം നടന്നു. പ്രശ്നവിധി പ്രകാരമുള്ള നവീകരണ പ്രവൃത്തികളും പ്രധാന ദേവതകളുടെ പുന:പ്രതിഷ്ഠയും ഉപദേവന്മാരുടെ യഥാസ്ഥാനങ്ങളിലുള്ള പ്രതിഷ്ഠയും സര്‍പ്പപ്രതിഷ്ഠയും നവീകരണ കലശവും നടത്തി. നവീകരണ കലശത്തിന് ശേഷം നിത്യമുള്ള ചടങ്ങുകള്‍ക്കും ഉത്സവാഘോഷാദികള്‍ക്കും കൃത്യമായ പടിത്തരം നിശ്ചയിച്ചു. തുടര്‍ന്ന് വിപുലമായ മറ്റ് നവീകരണ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. അലങ്കാര ഗോപുരസമര്‍പ്പണം, ഓഫീസ് മന്ദിര നിര്‍മ്മാണം, ക്ഷേത്രപരിസരത്തെ കരിങ്കല്‍പാറ പൊട്ടിച്ച് നീക്കൽ, ശ്രീകോവില്‍ ചെമ്പോലമേയൽ, നടപ്പന്തൽ നിര്‍മ്മാണം. എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന വലിയഗുരുതി പുനരാരംഭിച്ചത് ക്ഷേത്ര ചൈതന്യവൃദ്ധിക്ക് സഹായമായി.
സര്‍പ്പത്തിന് ആയില്യപൂജ, ഭരണിയൂട്ട്, മുട്ടിറക്കല്‍, തുലാഭാരം, ഗണപതിഹോമം, ഭഗവതിക്ക് ഏറെ പ്രിയങ്കരമായ കടുംപായസം, കളമെഴുത്ത്പാട്ട്, ഇടവത്തിലെ പാട്ടുകാലത്ത് ചക്കപ്പഴംനിവേദ്യം, നവരാത്രികാലത്തെ വിദ്യാരംഭം എന്നിവയും, ഭക്തര്‍ക്ക് നടത്താവുന്ന മറ്റ് വഴിപാടുകള്‍ക്കുമുള്ള വിപുലമായ ഒരുക്കങ്ങൾ ക്ഷേത്രത്തിലുണ്ട്.
കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിന്‍റെ ഇന്നുകാണുന്ന ചൈതന്യത്തിനും പ്രശസ്തിക്കും ഉന്നതിക്കും ഭഗവത് നാമത്തോടൊപ്പം സ്മരിക്കുന്ന മഹത്നാമമാണ് യശ:ശരീരനായ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ മണയത്താറ്റ് വാസുദേവൻ നമ്പൂതിരിയുടേത്. അദ്ദേഹത്തിന്‍റെ പുത്രൻ ബ്രഹ്മശ്രീ അനില്‍ദിവാകരൻ നമ്പൂതിരിയാണ് ഇപ്പോൾ തന്ത്രിപദമലങ്കരിക്കുന്നത്.
ആശ്രയിക്കുന്നവര്‍ക്ക് അഭീഷ്ടങ്ങളെല്ലാം നല്‍കി ഭദ്രാദേവിയും ഭുവനേശ്വരി ദേവിയും ഉപദേവതകളും വാണരുളുന്ന ഈ പുണ്യക്ഷേത്രസങ്കേതം രാമമംഗലം ദേശത്തിന്‍റെ ആത്മീയ ചൈതന്യ സ്രോതസ്സായി ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു വരുന്നു.
തീര്‍ത്ഥക്കിണർ
കുഴുപ്പിള്ളിക്കാവ് ക്ഷേത്രത്തിലെ അത്ഭുതങ്ങളിൽ ഒന്നാണ് തീർത്ഥക്കിണർ. ഏത് കൊടിയ വരള്‍ച്ചയിലും വറ്റാതെ, മലഞ്ചെരുവിലെ രണ്ട് വലിയ പാറകള്‍ക്കിടയിലൂടെ ഊറിയെത്തുന ശുദ്ധജലംകൊണ്ട് സമൃദ്ധമാണ് ഏകദേശം മൂന്ന് കോൽ താഴ്‌ചയില്‍ പടവുകൾ ഇറങ്ങി വെള്ളമെടുക്കാവുന്ന ഈ കിണർ. ശ്രീകോവിലിന്‍റെ അടിയിലെ പാറക്കെട്ടിലൂടെ ഒഴുകിയെത്തുന്ന ഈ തീർത്ഥജലമാണ് ക്ഷേത്രത്തിലെ അഭിഷേകത്തിനും ഗുരുതിയ്ക്കും നിവേദ്യങ്ങൾ വയ്ക്കുന്നതിനും ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ മേൽശാന്തി മാത്രമേ ഈ കിണറിൽ ഇറങ്ങി വെള്ളമെടുക്കാറുള്ളു
സര്‍പ്പപ്രതിഷ്ഠ
ക്ഷേത്രമതിലിന്പുറത്ത് വടക്ക്-കിഴക്ക്ദിക്കില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ താന്ത്രികവിധി പ്രകാരം പ്രതിഷ്ഠ നടത്തിയിട്ടുള്ള നാഗരാജാവ്, നാഗഭഗവതി, ചിത്രകൂടം എന്നിവയുണ്ട്. ഇവിടെ എല്ലാ മാസവും ആയില്യ പൂജയും, മിഥുന മാസത്തിൽ സര്‍പ്പ പുന:പ്രതിഷ്ഠാദിനമായ പൂരുരുട്ടാതി നക്ഷത്രത്തിൽ നീറും പാലും പാല്‍പായസവും വഴിപാടായി നടത്തുന്നതും സര്‍പ്പദോഷശാന്തിക്ക് പ്രധാനമാണ്.
ഘണ്ഡാകര്‍ണൻ
ക്ഷേത്രമതിലിന് പുറത്ത് വടക്ക്-കിഴക്ക്ദിക്കിലാണ് ഘണ്ഡാകര്‍ണ പ്രതിഷ്ഠയുള്ളത്. ഭഗവതിയുടെ സഹോദരനും അംഗരക്ഷകസ്ഥാനത്ത് വര്‍ത്തിക്കുന്നതുമായ ദേവനാണ് ഘണ്ഡാകര്‍ണൻ. വിഘ്നങ്ങൾ നീക്കി സുരക്ഷിതവും സമ്പല്‍ സമൃദ്ധവുമായ ജീവിതം നയിക്കുന്നതിന് ഘണ്ഡാകര്‍ണന് വഴിപാടുകൾ നടത്തുന്നത് വളരെ നല്ലതാണ്.
വസൂരിമാല
ക്ഷേത്രമതിലിന് പുറത്ത് തെക്ക്-പടിഞ്ഞാറെ കോണിലാണ് വസൂരിമാലയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. രോഗനിവര്‍ത്തിയുടെ ദേവതയാണ് വസൂരിമാല. മാറാരോഗങ്ങള്‍, ബാലപീഡകൾ എന്നിവ ശമിക്കുന്നതിന് വസൂരിമാലക്ക് വഴിപാടുകള്‍ നടത്തുന്നത് ഉത്തമമാണ്.
യക്ഷിപ്പന (കരിമ്പന)
ഭഗവതിയുടെ ഭൂതഗണങ്ങളായ യക്ഷികൾ പകല്‍സമയങ്ങളിൽ വിശ്രമിക്കുന്നത് യക്ഷിപ്പനയിലാണെന്നാണ് സങ്കല്പം. ക്ഷേത്രശ്രീകോവിലിന് പിന്നിൽ തെക്ക് വശത്തായി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു കരിമ്പനയുണ്ട്. ഈ പന തറകെട്ടി സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു.
ആല്‍മരം
ക്ഷേത്ര നടയ്ക്ക് നേരെ നില്‍ക്കുന്ന ആല്‍മരം ഉത്തമ ക്ഷേത്രസങ്കല്പത്തിലുള്ളതാണെന്നാണ് ആചാര്യമതം. കുഴുപ്പിള്ളിക്കാവിലെ ഭഗവതിമാരുടെ തിരുനടക്കുമുന്നില്‍ നടപ്പന്തലിനു പുറത്ത് വടക്കുവശത്ത് നില്‍ക്കുന്ന അരയാൽ ഉത്തമസ്ഥാനത്തുള്ളതാണ്.